സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ട ഞാൻ

പാതി മയക്കത്തിൽ
ഞാൻ ഓർക്കുകയായിരുന്നു
മുഷ്ടിചുരുട്ടി,
കാൽമുട്ട് മടക്കി തൊഴിച്ചു
സഹിക്കവയ്യാ‍തെ വന്നപ്പോൾ
ഒരു ദിവസം അമ്മ എന്നെ പുറത്താക്കി
എന്തൊരു സുഖമായിരുന്നു
അമ്മ കഴിക്കുന്നതിന്റെ
പാതിയും കഴിച്ചങ്ങനെ
സുഖമായി ഉറങ്ങാം
ഒരു ടെൻഷനുമില്ലായിരുന്നു
ഇന്ന് എന്തെല്ലാം കേൾക്കണം കാണണം
അവിടേക്ക് ഒരു തിരിച്ച് പോക്ക് അസാദ്ധ്യം.

വൈകിവന്ന സന്ധ്യ


മഴമണ്ണു മണക്കുന്നൊ-
രീറൻ സന്ധ്യയ്ക്ക്
കാത്തിരുന്നു ഞാനെന്റെ
ഹൃദയ മദ്ദളത്തിന്റെ
താളക്കൊട്ടുമായ്
ആടിയുലയുന്ന മനസ്സിന്റെ
നൂൽ പാലത്തിലൂടെ
നീയെൻ കൈപിടിച്ചോടി വരുമെന്ന്
ഞാനേറെ സ്വപ്നം കണ്ടിരുന്നു.

ഒരു വേഴ്ചാ യന്ത്രം

ഞാനൊരു വേഴ്ചാ യന്ത്രം,
എപ്പോഴും സോപ്പിട്ട് വെളുപ്പിച്ച്
എണ്ണയിട്ട് മിനുസപ്പെടുത്തി വെക്കണം.
ഗ്രന്ഥങ്ങള്‍ പലതും മാറി മാറി മറിച്ചു നോക്കി
എവിടേയും കണ്ടില്ല ഞാന്‍
സ്ത്രീയുടെ സാമൂഹ്യനീതി.
കണ്ടതൊക്കെയും
എങ്ങനെ വേഴ്ചകളില്‍
നവംനവങ്ങളാമനുഭൂതികള്‍
പകര്‍ന്നു നല്‍കണമെന്നുമാ‍ത്രം.
ഈ വേഴ്ചാ യന്ത്രത്തില്‍
മിനുക്കുപണികള്‍ നടത്താന്‍
ഏവരുമുത്സാഹികള്‍
ബസ്സിലും, ടാക്കീസിലും
എന്തിന് ബ്ലോഗില്‍ പോലും.

പ്രിയനെ!!

ജന്മജന്മാന്തരങ്ങളില്‍
തേടി നിന്നെ ഞാന്‍
രാവും പകലും
സാക്ഷിയായ്
തിരയും തീരവും
സാക്ഷിയായ്
എവിടേക്ക് പോയി നീ

നിറമിഴിയോടെ
പരിഭവത്തോടെ
രാവും പകലും
പെയ്തോഴിയാമഴ
കണ്ണീര്‍ കടലാക്കി
തിരയും തീരവും
മഹാപ്രളയം തീര്‍ത്ത്‌

ഒരു നിലാമ്പരിയായ്
ഒരു വേഴാമ്പലായ്
ഞാനിമവെട്ടാതെ
കാത്തിരുന്നു

കനല്‍ മേഘങ്ങലെന്നില്‍
തിളച്ചുമറിഞ്ഞപ്പോള്‍
അറിയാതെ ഞാന്‍ നിന്നെ
വേനല്‍ മഴയായ് ചേര്‍ത്തി
പിരിയാന്‍ വിതുമ്പി
യാത്രാമൊഴി തൂകി

എന്നിട്ടും ഞാനിന്നുമോര്‍ക്കുന്നു
പ്രിയനേ നീ എനിക്കാരായിരുന്നു

അനുരാഗം

എന്നോ മറന്ന മൌനാനുരാഗം
വിളിക്കാതെ മനസ്സിലേക്ക് കടന്നു വന്നതും
എത്രയോ കാലമായ് കിളിര്‍ക്കാതെ നിന്നിട്ടും
ഈ മഞ്ഞ് കാലത്ത് പൂക്കാന്‍ തുടങ്ങിയതും
എന്റെ പ്രണയം ഞാനറിയാതെ
എന്റെ ഹൃദയകൂട്ടില്‍ കയറിവന്നതും
എന്‍ അനുരാഗത്തിന്‍ പുതു വിശേഷങ്ങള്‍
ഈ മഞ്ഞു കാലത്ത് പൂവിട്ടൊരെന്റെ
അനുരാഗമേ നിന്നെ ഞാനെന്തിനു
മയക്കി കിടത്തി!!
അനുരാഗമേ നീയൊരു
പൂക്കാലമായിരുന്നെന്ന
ഓര്‍മകളെന്നെ തഴുകിയപ്പോള്‍
നിന്‍ അനുരാഗമെന്‍ ചെവിയില്‍ മൂളിയപ്പോള്‍
എന്തു സുകൃതമീ ജീവിതം

പ്രണയമാസമേ നിനക്കു വന്ദനം

പ്രണയമാസമേ നിനക്കു വന്ദനം
പ്രണയാര്‍ദ്രമാം മനസ്സിന്റെ
ഓര്‍മ്മ ചെപ്പിലേക്ക് കയറാനായ്
പടവുകള്‍ തിരയുന്നവര്‍ക്ക്
നീയുമൊരു സുകൃതം. .
ഒളിച്ചിരിക്കുമോര്‍മ്മകള്‍ തഴുകി
വരുമൊരാ മാസമേ
നിനക്കു വന്ദനം. .
പുതുപ്രണയങ്ങളേ ഓമനിച്ചു
വളര്‍ത്തുന്നവര്‍
നിന്റെയീ പതിനാലിലെ പ്രസരിപ്പ്
ആടിതിമിര്‍ത്താഹ്ലാദിക്കുന്നു. .
പ്രായപൂര്‍ത്തിയാകുമുമ്പേ
ബിസ്സ്നസ്സുകാര്‍ നിന്നെ
തോളിലേറ്റി വഞ്ചിക്കുമീ-
പ്രണയ ജോഡികളെ. .
അഭിവാദ്യമര്‍പ്പിക്കാനായ്
കടകള്‍ കയറിയിറങ്ങുന്ന വര്‍ക്കായ്
ഒരു വാക്ക്..........
“പ്രണയിക്കുക ഈ ഒരു മാസമെങ്കിലും.“ .
അച്ചുകള്‍ നിരത്തി പ്രണയിപ്പിക്കുന്നവരേ
യുവപ്രണയാത്മാക്കളെ
ചതിക്കുഴിയില്‍ വീഴ്ത്തല്ലേ!! .
പ്രണയാത്മാക്കള്‍ പാറിനടക്കുന്ന
നിന്റെയീ മടിത്തതട്ടില്‍
ഞാനൊന്ന് തലചായ്ക്കട്ടെ!!
ആശയുണ്ടെനിക്ക് കാണാനാ-
പ്രണയജോഡികളുടെ
മതിമറന്ന സന്തോഷം
ആശിച്ചുപോയീ ഞാനും
ഈ മാസത്തിലെങ്കിലും
ഒരു പ്രണയം കിളിര്‍ത്തെങ്കില്‍!!
പ്രണയത്തെ തലോടി
ആശയടഞ്ഞെങ്കില്‍!! .
പ്രണയ മാസമേ നിന്റെയീ-
തിരക്കിനിടയിലും
നിന്നെ ഞാനൊന്നാത്മാര്‍ഥമായി
പ്രണയിക്കട്ടെ!!! .
നൂറുനൂറായിരം പുതുആശകള്‍ വിരിയുമീ
പ്രണയമാസമേ
നിനക്കു പ്രണാമം.

ചോര്‍ന്ന് പോയ സൌന്ദര്യം

വസ്ത്രം മാറി മാറി വരും-
കാലത്തിന്‍റെ നേര്‍കാഴ്ച

നീളം കൂടിയ ബ്ലൌസും
പുള്ളി മുണ്ടും പുടവ
കൊടുക്കലില്‍ തീര്‍ന്നു

സാരി വന്നതോടെ
സ്ത്രീ സമൂഹത്തിനൊരു
ഔദ്യോഗിഗ പരിവേഷം

വളരേ കാലം സാരി
സ്ത്രീ ശരീരത്തില്‍
അള്ളിപ്പിടിച്ചിരുന്നു
അടിവയറിലെ വലതു ഭാഗം
കാണിക്കാമെന്ന സൗകര്യം
ബോധപൂര്‍വം ഏറ്റെടുത്തു

സ്ത്രീ സൌന്ദര്യത്തിന്റെ
നേര്‍കാഴ്ചയില്‍
സാരി ഒഴിവാക്കാനാവാതെ വന്നു

പിന്നീടങ്ങോട്ടുള്ള വളര്‍ച്ച!!
അത്ഭുതപ്പെടുത്തുന്നതായിരിന്നു
അടിച്ചുതളിക്കാരിപോലും
സാരിചുറ്റി.

ഇതിനിടയില്‍ എപ്പോഴോ
ചുരിധാര്‍ കയറി വന്നു
മാറ് പൂര്‍ണ്ണമായും മറയും
കാലുകള്‍ അകത്തി വെക്കാം
എന്ന സൌകര്യം ചിലരെ
ചുരിധാര്‍ അണിയിച്ചു

കുനിഞ്ഞു നില്‍ക്കുമ്പോള്‍
സാരിത്തലപ്പ് ഒലിച്ചിറങ്ങി
മാറ് കാട്ടേണ്ടി വരുമെന്നതിനാല്‍
സാരി മാറ്റി ചുരിധാറുടുത്തു

കാലചക്രത്തിന്റെ
വേഗത കൂടിയപ്പോള്‍
ചുരിധാറിലെ ടോപിന്റെ
ഇറക്കം കുറഞ്ഞു വന്നു

ശരീരത്തിന്‍റെ വടിവുകള്‍
മറഞ്ഞിരിക്കുന്നതിനാല്‍
ചുരിധാറുകള്‍ അതിവേഗം
കാലത്തിനൊപ്പം
സഞ്ചരിച്ചു.

അണിയാന്‍ സൌകര്യവും
ശരീരത്തിന്‍റെ സുരക്ഷയും
ചുരിധാറിനെ ഇഷ്ട വസ്ത്രമാക്കി

പക്ഷെ സ്ത്രീയുടെ ശരീരം
കൊതിച്ചവര്‍
സാരി ഔദ്യോഗിഗ വസ്ത്രമാക്കി
നാമകരണം ചെയ്തു

ചുരിധാറിന്റെ ഒഴുക്ക്
മന്ദമായപ്പോള്‍
ജീന്‍സും ടോപ്പുമെന്ന
പുതു ഫാഷന്‍
കയറി വന്നു

ഫാഷന്റെ തള്ളികയറ്റത്തില്‍
ടോപ്പിന്‍റെ ഇറക്കം
നിതംപത്തെ വെളിച്ചം കാണിച്ചു

ജീന്‍സിട്ട പെണ്‍കുട്ടിക്ക്
തന്റേടം പുറത്ത്
ചാടുന്നതായി
അനുഭവപ്പെട്ടു
പരാതിയും വന്നു.

പുരാണ അന്നനട മാറി
നടത്തത്തിന്‍റെ വേഗത കൂട്ടി ജീന്‍സ്
കാലുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായി
കാലുകള്‍ കൊണ്ടുള്ള അല്ലറ ചില്ലറ
കസര്‍ത്തുകളൊക്കെ നടത്താമെന്നായി
പോക്കറ്റ് വന്നതോടെ
തോളിലെ ബാഗ്
എപ്പോഴും പരതേണ്ടി വന്നില്ല

ജീന്‍സും ടോപ്പും കാലത്തിന്‍റെ
മാറ്റത്തില്‍ തിമിര്‍ത്താടിയപ്പോള്‍
സ്ത്രീ സൌന്ദര്യം എവിടെയോ
ചോര്‍ന്ന് പോയത് പോലെ !!!

കാത്തിരിപ്പ്

സന്ധ്യ മയങ്ങുവോളം
കാത്തിരുന്നു ഞാന്‍
നീ വരുമെന്നാശിച്ചു
കാത്തിരിപ്പിലും കാത്തിരിപ്പിന്‍റെ-
സുഖം ഞാനനുഭവിച്ചു
നീ വരുമെന്ന് വിശ്വസിച്ചു
പക്ഷെ നീ വന്നില്ല
നീ ചോദിക്കാറുണ്ടായിരുന്നില്ലേ
ഈ നരവന്ന ചുക്കിച്ചുളിഞ്ഞ
എന്നെ നീ എന്തിനു കാത്തിരിക്കുന്നു

എങ്കിലും ഞാന്‍ കാത്തിരിക്കുന്നു
പ്രണയത്തിന്റെ തണുത്ത
തീക്കനലും പേറി !!
തൊട്ടാല്‍ പൊള്ളുമെന്നു തോന്നുമെങ്കിലും
നിന്‍റെ പ്രണയത്തിനു തണുപ്പായിരുന്നു,
കുളിരായിരുന്നു.
അതായിരിക്കാം എന്നെ വീണ്ടും വീണ്ടും
പ്രണയത്തിലേക്ക് ഊളിയിട്ടിറങ്ങാന്‍,
നനയാന്‍ പ്രേരിപ്പിച്ചത്

ഐസിന്റെ തണുപ്പ് തോന്നുമെങ്കിലും
നിന്‍റെ പ്രണയത്തിനു
ഇളം ചൂടായിരുന്നു
ആ ചൂടില്‍ എന്‍റെ തണുപ്പ് മാറിയിരുന്നു
അതായിരിക്കാം ഞാന്‍ വീണ്ടും വീണ്ടും
നിന്നെ പ്രണയിച്ചത്
കാറ്റിന്റെ ഗന്ധം ഞാന്‍ അറിയുന്നു
അതിനു നിന്‍റെ ചൂരാണ്
ആരെക്കാളും എനിക്കല്ലേ അറിയൂ
നര മുഴുവനായില്ലെങ്കിലും
ചെറു മന്ദഹാസം തൂകി
നീ വന്നു
ഞാന്‍ അലിയുകയാണ്
അലിഞ്ഞില്ലതാകുകയാണ്
നമ്മള്‍ ചെരുതാകുകയാണോ
പ്രായം വളരെയധികം
കുറഞ്ഞത്‌ പോലെ

നമുക്കീ അനന്ത വിഹായസ്സില്‍
പറന്നു കളിക്കാമെന്ന്
നീ ഓതിയപ്പോള്‍
എന്‍റെ കണ്ണിലൂര്‍ന്ന
മിഴിനീരില്‍
ഞാന്‍ മുങ്ങികുളിച്ചപ്പോള്‍
നിന്നെ കെട്ടിപ്പുണര്‍ന്നുമ്മവെച്ചു ഞാന്‍
നിന്‍ മധുന്നുകര്‍-
ന്നാനന്ദത്തില്‍ ആറാടി ഞാന്‍

പ്രണയത്തിന് ഇത്ര മധുരമോ
ഞാനറിയാതെ വിതുമ്പി
നിന്‍റെയീ കരവലയത്തില്‍
എന്നും ഞാന്‍ മുറുകട്ടെ
നിന്‍റെ സ്നേഹം മാത്രമാണ്
എന്‍റെ ജീവന്‍റെ തുടിപ്പുകള്‍
നിനക്കിനി പൊട്ടിക്കാന്‍ കഴിയില്ല
ഈ പ്രണയത്തിന്‍റെ പാശം
എനിക്കിനിയും കാത്തിരിക്കാനും
കഴിയില്ല !!!